പാലക്കാട് കുലുക്കല്ലൂർ: വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂർ ആനക്കല്‍ നരിമടയ്ക്ക് സമീപത്തുള്ള ആനക്കൽ പുഴക്കടവിൽ സുഹൈർ ചാടിയത്. എക്സൈസ് സംഘത്തിനെ വരവറിഞ്ഞ് ചിതറിയോടിയ സംഘത്തിലുണ്ടായിരുന്ന ഇയാള്‍ പുഴയില്‍ ചാടിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർ ഫോഴ്സ് തിരച്ചില്‍ നടത്തിയത്.
https://youtu.be/9YxU_LHCQLI?si=vrC9uhmkJSGlgba6
വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകൻ സുഹൈർ (17) ന്റെ മൃതദേഹമാണ് തൂതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കട്ടുപ്പാറ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. പുഴയില്‍ തണുപ്പുകൂടിയതിനാല്‍ ശനിയാഴ്ച വൈകീട്ടോടെ തിരച്ചില്‍ നിർത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കിട്ടിയത്.
വെള്ളിയാഴ്ച വൈകിട്ട് സുഹൈർ ഉള്‍പ്പെടെ എട്ടുപേർ ആനക്കല്‍ നരിമട കുന്നിൽ മുകളിൽ നില്‍ക്കുകയായിരുന്നു. ഇതിനിടെ പട്ടാമ്പി റേഞ്ച് എക്സൈസ് സംഘം പെട്രോളിങ്ങിനെത്തി. ഇതുകണ്ട് സംഘം ചിതറിയോടി. ഇവരില്‍ നാലുപേർക്കെതിരേ എക്സൈസ് കേസെടുത്തു. നരിമട ഭാഗത്ത് കഞ്ചാവ് സംഘം കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടെന്ന് നാട്ടുകാർ വിവരം അറിയിച്ചിരുന്നു. മുമ്പും ഇവിടെ നിന്നും യുവാക്കളെ ലഹരി വസ്തുക്കളുമായി പിടി കൂടിയിട്ടുണ്ട്.
ഇതിനിടെ പുഴയില്‍ ചാടി നീന്തിയെത്തിയ യുവാവാണ് സുഹൃത്തായ സുഹൈർ പുഴയില്‍ ചാടിയിരുന്നെന്ന് രാത്രി 10 മണിയോടെ വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.