സുജിത് ദാസിനെതിരായ മരം മുറി പരാതിയില്‍ എസ്ഐ എന്‍ ശ്രീജിത്തിന്റെ മൊഴി എടുക്കാന്‍ ഡിഐജി വിളിപ്പിച്ചു. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസാണ് ശ്രീജിത്തിനെ വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറണമെന്ന് ശ്രീജിത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ തൃശൂര്‍ ഡിഐജി ഓഫീസില്‍ നേരിട്ട് എത്തി ശ്രീജിത്ത് മൊഴി നല്‍കും. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി.
ശ്രീജിത്ത് നല്‍കിയ പരാതി ഉന്നയിച്ചായിരുന്നു പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്ഐ ആയിരിക്കെയാണ് സസ്‌പെന്‍ഷനിലായത്.
അതേസമയം പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന സുജിത് ദാസ് സസ്‌പെന്‍ഷനിലാണ്. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടര്‍ന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.