കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്.
വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. മകള്‍ മയക്കുമരുന്നുമായി ഡല്‍ഹി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടന്‍ മകള്‍ സുരക്ഷിതയാണെന്ന് അന്‍വര്‍ സാദത്തും ഭാര്യയും ഉറപ്പാക്കി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം തട്ടുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.