പി വി അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് ഡിജിപിക്ക് മുന്നിൽ എഡിജിപി എം ആർ അജിത് കുമാർ മൊഴി നൽകിയതായി റിപ്പോര്‍ട്ട്. കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്കു നല്‍കിയ മൊഴിയിലുണ്ടെന്നാണു വിവരം. ആരോപണങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കാന്‍ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഡിജിപിക്ക് മൊഴി കൊടുക്കാന്‍ എത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പി വി അന്‍വറിന് ഉള്‍പ്പെടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായി അറിയില്ലെന്നും ആ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും എഡിജിപി പറഞ്ഞു.
മലപ്പുറം ജില്ലയിലെ സ്വര്‍ണവേട്ടയുടെ കണക്കുകളും അതില്‍ ഉള്‍പ്പെട്ടവരുടെ കുഴല്‍പ്പണ ഇടപാടുകളും മൊഴിയിലുണ്ട്. വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവു ലഭിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.