Breaking news
7 Oct 2024, Mon

മയക്കു ഗുളിക നല്‍കി ബോധം കെടുത്തി സ്വര്‍ണം കവര്‍ന്നു; ഒരാള്‍ക്കൂടി അറസ്റ്റില്‍; കടവന്ത്രയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന്

ആലപ്പുഴയിലെ കലവൂരില്‍ 73 കാരി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലപ്പെട്ട സുഭദ്രയെ ബോധംകെടുത്തുന്നതിനായി മയക്കുമരുന്ന് വാങ്ങിനല്‍കിയ റെയിനോള്‍ഡ് എന്നയാളാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്ത് പിടിയിലായത്. കുഴിവെട്ടിയയാള്‍ക്ക് കേസില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണെന്നാണ് വിവരം. 

സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി. സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് കടവന്ത്രയില്‍ വെച്ച് പ്രതികള്‍ സുഭദ്രയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോള്‍ മറ്റൊരു സുരക്ഷിത സ്ഥലം തേടി. തുടര്‍ന്നാണ് കലവൂരിലെ വീട്ടില്‍ വെച്ച് കൊല നടത്തുന്നത്. 

ആദ്യം മയക്കുഗുളിക നല്‍കി ബോധം കെടുത്തി സ്വര്‍ണം കവര്‍ന്നു. മയക്കുഗുളിക എത്തിച്ചു നല്‍കിയത് മാത്യുവിന്റെ സുഹൃത്തും ബന്ധുവും ആയ റൈനോള്‍ഡ് ആയിരുന്നു. ബോധം വന്നപ്പോള്‍ സുഭദ്ര കാണാതായ സ്വര്‍ണം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കെഡാവര്‍ നായയെ എത്തിച്ച് നടത്തിയ പരിശോധന നിര്‍ണായകമായെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. ഷര്‍മിളയും സുഭദ്രയും 2017 മുതല്‍ പരിചയക്കാരായിരുന്നു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി. ഓണാവധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം. 

എറണാകുളത്തുനിന്ന് ഒരുമാസം മുന്‍പു കാണാതായ 73 കാരിയായ സുഭദ്രയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒളില്‍വില്‍പ്പോയ പ്രതികളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു. ഫോണ്‍ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള മണിപ്പാലിലെ ശര്‍മിളയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. 

സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് കേസില്‍ നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്. 

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി. അതിക്രൂരമായ കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.