മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്.
കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാൻ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.
അതേസമയം, അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മിള്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യകതമാക്കിയിരുന്നു.
ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേ സമയം ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യ വകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.