Breaking news
8 Oct 2024, Tue

മുന്‍ പ്രസിഡൻറിന് നേരെ വീണ്ടും വധശ്രമം; ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെയായിരുന്നു സമീപത്ത് വെടിവയ്പ്പ്

തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. ഈ സമയത്ത് ട്രംപ് ക്ലബ്ബിലുണ്ടായിരുന്നുവെന്നാണ് വിവരം. ട്രംപിനെ ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചനകള്‍. 

പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്സില്‍ സ്ഥിരീകരിച്ചു. ‘ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണ്’, എന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു. 

പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തെങ്കിലും എസ്യുവിയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. തോക്ക്, രണ്ട് ബാക്ക്പാക്കുകള്‍, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാള്‍ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. 

ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സര്‍വീസും അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നു മാറ്റിയ ട്രംപ്, മാര്‍-എ-ലാഗോ റിസോട്ടിലേക്കു മടങ്ങി. തനിക്കു സമീപം വെടിവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച ട്രംപ്, അഭ്യൂഹങ്ങള്‍ നിയന്ത്രണാധീതമായി പ്രചരിക്കും മുന്‍പ് താന്‍ സുരക്ഷിതനാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒന്നിനും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അനുഭാവികള്‍ക്കായി അയച്ച സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസില്‍ അക്രമത്തിന് ഇടമില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ കമല ഹാരിസ് വ്യക്തമാക്കി. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിര്‍ത്തത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. 

വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വധിച്ചിരുന്നു. അന്ന് വെടിവെപ്പിന് ശേഷം തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ട്രംപിന് മുന്നേറ്റമുണ്ടായിരുന്നു. എന്നാല്‍, കമല ഹാരിസ് സ്ഥാനാര്‍ഥിയായതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ സംവാദത്തില്‍ കമല ഹാരിസിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍.