രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ
കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഒരു യുവതി മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന ബന്ധു ചികിത്സയിലുമാണ്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്. അതേസമയം സംഭവസമയത്ത് കാർ ഓടിച്ച അജ്മൽ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.
സംഭവസമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ പുറത്താക്കി. ശ്രീക്കുട്ടിയെ വലിയത്ത് ആശുപത്രിയിൽ നിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടിയെന്നാണ് നടപടിയിൽ അധികൃതരുടെ വിശദീകരണം.