ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നതെന്നും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ പ്രതീക്ഷിക്കുന്ന ചെലവ് എന്ന രീതിയില്‍ രേഖപ്പെടുത്തിയ കണക്കാണിതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ എംബി രാജേഷും കെ.രാജനും വിശദീകരിക്കുന്നത്. അങ്ങനെയെങ്കില്‍ ചെലവായ തുകയുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും.
2018ലെ പ്രളയദുരിതാശ്വാസ നിധി തട്ടിപ്പ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കോവിഡ് കാല തട്ടിപ്പ് എന്നിവയില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ഇടതുസര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിത്. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികളെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയും ദുരന്തബാധിത പ്രദേശത്തേക്ക് വാളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപയും ചെലവിട്ടതായാണ് കണക്ക്. 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി രൂപ ചെലവിട്ടെന്ന കണക്ക് അവിശ്വസനീയമാണ്. ഇത്രയും തുക എങ്ങനെ ചെലവായി എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. പുത്തുമലയിലാണ് ശവസംസ്‌കാരത്തിന് തെരഞ്ഞെടുത്തത്, ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ചെലവ് ഒഴിച്ചാല്‍ എത്ര തുക പരമാവധി ചെവലവാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് സര്‍ക്കാരിന് വിശദമായ കണക്ക് സമര്‍പ്പിക്കേണ്ടിവന്നത്. അല്ലെയെങ്കില്‍ ഇതൊന്നും പുറത്തുവരില്ലായിരുന്നു.
ദുരന്തബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവാക്കിയിരിക്കുന്നത് വാളണ്ടിയര്‍മാര്‍ക്കാണ് . സന്നദ്ധസംഘടനകളും മറ്റും സ്വമേധയാലാണ് വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയത്. സൈനികര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപയും ക്യാമ്പുകളില്‍ ഭക്ഷണചെലവിനായി എട്ട് കോടി രൂപയും ചെലവാക്കി. പല ക്യാമ്പുകളിലും ഭക്ഷണം പൂര്‍ണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തത്. അവിടെയും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും യുഡിഎഫ് അനുകൂല സംഘടനകളുടെ സൗജന്യ ഭക്ഷ്യവിതരണം തടയുകയും ചെയ്തു. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങളും മറ്റും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും യഥേഷ്ടം എത്തിച്ചിരുന്നു.
ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളുടെ വസ്ത്രത്തിനായി 11 കോടി രൂപ. നാലായിരത്തോളം പേരാണ് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതായത്, ഒരാള്‍ക്ക് 30,000 രൂപയോളം ചെലവായെന്നാണ് കണക്ക്. ആവശ്യത്തിലധികം വസ്ത്രങ്ങള്‍ ക്യാമ്പുകളില്‍ എത്തിയിരുന്നു. സൈന്യം,വാളണ്ടിയര്‍മാര്‍ എന്നിവരുടെ താമസത്തിന് മറ്റും 15 കോടി രൂപ. ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന് ഒരു കോടി രൂപ.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ടോര്‍ച്ച്, റെയിന്‍കോട്ട്, കുട, ബൂട്ട് തുടങ്ങിയവ നല്‍കുന്നതിനായി 2.98 കോടി. വാളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി രണ്ട് കോടി. ക്യാമ്പുകളിലുള്ളവരുടെ ചികിത്സയ്ക്കായി എട്ട് കോടി. ചൂരല്‍മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മാത്രം മൂന്ന് കോടി. നീരീക്ഷണ ഡ്രോണിന് 3 കോടി, ജെസിബിക്ക് 15 കോടി, മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്ക് 3 കോടി, ഹെലികോപ്റ്ററിന് 17 കോടി, ജനറേറ്ററുകള്‍ക്ക് 7 കോടി, ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ ഉപയോഗിച്ച് വണ്ടികളുടെ വാടക 12 കോടി അങ്ങനെ പോകുന്നു സര്‍ക്കാരിന്റെ പെരുപ്പിച്ച കണക്കുകള്‍.
അതേസമയം ദുരിതബാധിതര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കിയില്ലെന്ന ആക്ഷേപവുമുണ്ട്. പൂര്‍ണമായി നശിച്ച വീടിന് 1.30 ലക്ഷം രൂപ മാത്രമാണ് നല്‍കുന്നത്. കൃഷിഭൂമി നശിച്ചിട്ടുണ്ടെങ്കില്‍ ഹെക്ടറിന് അമ്പതിനായിരം രൂപയില്‍ താഴെ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെയാണ് സര്‍ക്കാര്‍ അപമാനിച്ചത്. വയനാടിന്റെ കരളലയിക്കുന്ന ദുരന്തത്തില്‍ മനസലിഞ്ഞ് മുണ്ടുമുറുക്കിയുടുത്ത് സഹായഹസ്തം നീട്ടിയവരെയാണ് സര്‍ക്കാര്‍ വഞ്ചിച്ചത്. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്: പി കെ കുഞ്ഞാലിക്കുട്ടി.
വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്.
വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരത്തിന് ഇത്രയും ഭാരിച്ച തുക വന്നത്.
മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്.
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്.