Breaking news
8 Oct 2024, Tue

മഞ്ചേരിയിൽ മങ്കി പോക്സ്? ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ

പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്

മലപ്പുറം മഞ്ചേരിയിൽ മങ്കി പോക്സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ‌. ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 

മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബർ 9ന് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ദിവസം മുതൽ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും യുവാവ് സന്ദർശിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ കൺട്രോൾ സെല്ലിൽ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 

യുവാവിന്റെ മരണാനന്തര ചടങ്ങുകളിലും നിരവധി പേർ പങ്കെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. നിലവിൽ നിപ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കിയി.

തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്. മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. 175 പേരടങ്ങിയ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. പ്രൈമറി കോൺടാക്ട് പട്ടികയിൽ 126 പേർ. സെക്കൻഡറി കോൺടാക്ട് പട്ടികയിൽ 49 പേരുമുണ്ട്. പ്രൈമറി പട്ടികയിൽ ഉള്ള 104 പേർ ഹൈ റിസ്ക്‌ കാറ്റഗറിയിലുള്ളവർ.

സമ്പർക്കപ്പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ 13 പേരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.