നിപ ജാഗ്രതയുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശക്തമായ മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 214 പേര്‍ക്ക് കാള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കാന്‍ കഴിഞ്ഞു.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവാലി ബ്ലോക്ക് എഫ്.എച്ച്.സിയിലും മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതത്വത്തില്‍ ഇന്ന് അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.