ശവസംസ്‌കാര ചടങ്ങിനിടെയും സ്‌ഫോടനം; യുദ്ധം..
ലെബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ പേജര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വാക്കി ടോക്കി സ്‌ഫോടനവും. വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു. നൂറുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും, 2800 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ വാക്കി ടോക്കി ആക്രമണം.
https://youtu.be/YT5Vrz69h4M?si=y38WoSxvOUAvtX5j
എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. കിഴക്കന്‍ ലബനനിലെ വിവിധ കേന്ദ്രങ്ങളില്‍ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ പൊട്ടിത്തറിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൈയില്‍ കൊണ്ട് നടക്കാവുന്ന വയര്‍ലസ് റേഡിയോ ഡിവൈസുകളും വാക്കി ടോക്കികളും അഞ്ചുമാസം മുമ്പ് പേജറുകള്‍ വാങ്ങിയ അതേ സമയത്ത് തന്നെയാണ് ഹിസ്ബുല്ല വാങ്ങിയത്.
ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍ തെക്കന്‍ ലേബനനിലും ബെയ്‌റൂട്ടിന്റെ പ്രാന്ത പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. സ്‌ഫോടനങ്ങളില്‍ ഒന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശവസംസ്‌കാര ചടങ്ങിന് ഇടയിലായിരുന്നു എന്നും റിപ്പോര്‍ട്ടുംണ്ട്.
ഇന്നു തങ്ങള്‍ ഇസ്രയേലിന്റെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്തുവിട്ട് തിരിച്ചടിച്ചെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപകമാകുന്നു എന്ന ആശങ്ക ഉയരുകയാണ്.
പേജറുകള്‍ പോലെ തന്നെ വാക്കി ടോക്കികളും ഒരേസമയത്താണ് പൊട്ടിത്തെറിച്ചതെന്ന് ഹിസ്ബുല്ല വക്താക്കള്‍ പറഞ്ഞു. തങ്ങള്‍ ഈ ആക്രമണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഭീകരഗ്രൂപ്പിന്റെ പ്രഖ്യാപനം.