ഗുജറാത്തിലെ ഭാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം
അഹമ്മദാബാദ്: സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേര്‍ന്ന് മര്‍ദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായിരുന്നു മര്‍ദനത്തിന് കാരണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
https://youtu.be/YT5Vrz69h4M?si=y38WoSxvOUAvtX5j
ഗുജറാത്തിലെ ഭാവ്‌നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടറായ ജയ്ദീപ് സിങ് ഗോഹിലിനെയാണ് രോഗിയായ സ്ത്രീക്കൊപ്പം എത്തിയ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
തലയ്ക്ക് പരിക്കേറ്റാണ് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിതവിഭാഗത്തിലെ മുറിയില്‍ ചികിത്സ നല്‍കുന്നതിനിടെ ഡോ. ജയ്ദീപ് സിങ് ഗോഹില്‍ ഇവിടേക്കെത്തി. തുടര്‍ന്ന് സ്ത്രീക്കൊപ്പം വന്ന യുവാവിനോട് ചെരിപ്പ് പുറത്ത് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഒപ്പമുണ്ടായിരുന്നവരും മര്‍ദനത്തില്‍ പങ്കുചേര്‍ന്നു.