Breaking news
4 Oct 2024, Fri

ഹേമകമ്മറ്റി റിപ്പോര്‍ട്ട്: 20 പേരുടെ മൊഴി അതീവഗൗരവം; പത്തു ദിവസത്തിനകം മൊഴിയെടുക്കും

പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ ഹേമ കമ്മിറ്റി അംഗങ്ങളടെ സഹായം തേടും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികോപദ്രവവും ചൂഷണവും വെളിപ്പെടുത്തിയവരുടെ മൊഴി പത്തു ദിവസത്തിനകം എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 20 ലധികം പേരുടെ മൊഴികള്‍ ഗൗരവമുള്ളതാണെന്നും ഇവരില്‍ മിക്കവരുമായും ഏറ്റവും അടുത്ത ദിവസം തന്നെ നേരിട്ട് ബന്ധപ്പെടാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. 

പ്രത്യേക സംഘത്തിന്റെ ഇന്നലത്തെ യോഗത്തിലാണ് തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും കേസെടുക്കുക. ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ നേരിട്ട് കണ്ട് സംഘം ഉടന്‍ മൊഴി രേഖപ്പെടുത്തും. നാല് സംഘങ്ങളായി തിരിഞ്ഞാണ് മൊഴിയെടുക്കല്‍. 

മൊഴികളും അനുബന്ധ തെളിവുകളും കൂടി 3896 പേജുകളോളം വരുന്ന റിപ്പോര്‍ട്ട് പല ഭാഗങ്ങളായി അന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കും. പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. 

ഇന്നലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയും അന്വേഷണ സംഘത്തലവനുമായ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ചേര്‍ന്നത്. അന്വേഷണത്തെ സംബന്ധിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിനും യോഗം രൂപം നല്‍കിയിരുന്നു.