Breaking news
4 Oct 2024, Fri

ഷുക്കൂര്‍ വധക്കേസ്: പി ജയരാജയനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി. കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പിന്നിലെന്നുമായിരുന്നു ഇരുവരും ഹര്‍ജിയില്‍ ഉന്നയിച്ചത്.

രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് ഹര്‍ജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്.

2012 സെപ്റ്റംബര്‍ 20നാണ് അരിയില്‍ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുന്‍ കല്യാശേരി എംഎല്‍എയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. സിബിഐ ആണ് പി ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്.

എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്.