Breaking news
7 Oct 2024, Mon

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചു

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും.

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും. സസ്‌പെന്‍ഷനിലായ എസ് പി സുജിത്ദാസിനെതിരെയും അന്വേഷണം നടക്കും. 

ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. സിപിഐ ഉള്‍പ്പടെ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയില്ല. 

എഡിജിപിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.