Breaking news
8 Oct 2024, Tue

‘വീണ്ടും വീണ്ടും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കൽ സെക്രട്ടറിയുടേത്’ : P V അൻവർ

അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നു, നടക്കുന്നത് സമാന്തര അന്വേഷണം

https://youtu.be/puGxy6lEjPA?si=3cv7nlcfLWlYH5du

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പി വി അൻവർ. പൊളിറ്റിക്കൽ സെക്രട്ടറി ഫയലുകൾ പിടിച്ചുവെച്ച് പൊതുസമൂഹത്തിൽ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നു. വീണ്ടും വീണ്ടും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കൽ സെക്രട്ടറിയുടേത്. സർക്കാരിനെതിരെ വിമർശനമുണ്ടാക്കാനാണ് എഡിജിപി ക്കെതിരായ ഫയൽ എട്ട് ദിവസം പിടിച്ചുവച്ചതെന്നും പി വി അൻവർ എംഎൽഎ മഞ്ചേരിയിൽ പറഞ്ഞു. 

പി ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാർട്ടി പറയട്ടെ ബാക്കിയെന്നും പി ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശി മറ്റാരുടെയെങ്കിലും ചാരനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എം ആർ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ എംഎൽഎ ഉന്നയിച്ചത്. പരാതികളിൽ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി വി അൻവർ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. എഡിജിപിയെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എഡിജിപിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം പോയത് പരാതിയിൽ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. സംസ്ഥാനത്ത് പാരലൽ അന്വേഷണം നടക്കുന്നുണ്ട്. പരാതിയിൽ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകൾ നൽകിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി വി അൻവർ പറഞ്ഞു. എഡിജിപിക്കൊപ്പം നിൽക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു.

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സർവിസില്‍ നിന്ന് താല്‍ക്കാലികമായി സസ്പെൻഡ് ചെയ്ത് വേണം അന്വേഷണം നടത്താനെന്ന് പി.വി. അൻവർ എം.എല്‍.എ. തന്‍റെ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തോടൊപ്പം തന്നെ നിയമപരമല്ലാത്ത ഒരു അന്വേഷണം ഇവിടെ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പൊലീസിന്‍റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ആ ഒരു അന്വേഷണം നടക്കുന്നത്. എനിക്ക് തെളിവുകളും വിവരങ്ങളും എങ്ങനെ കിട്ടി, അതുമായി ബന്ധപ്പെട്ട പൊലീസുകാർ ആരൊക്കെ, വ്യക്തികള്‍ ആരൊക്കെ എന്നെല്ലാം സമാന്തരമായി ഇവർ അന്വേഷിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തുന്നുണ്ട്. തെളിവ് തരാൻ തയാറായ പലരും മടിച്ച്‌ നില്‍ക്കുകയാണെന്നും അൻവർ പറഞ്ഞു.

ഈ സർക്കാറും മുഖ്യമന്ത്രിയും പൊലീസ് ചട്ടങ്ങളുമൊന്നും തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ ആവർത്തിച്ച്‌ തെളിയിക്കുകയാണ്. ഈ ചട്ടലംഘനങ്ങള്‍ മാത്രം മതി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ -അൻവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും അൻവർ വിമർശനമുയർത്തി. അന്വേഷണം വൈകുന്നത് സംബന്ധിച്ച്‌ ഇത്രയേറെ വലിയ ചർച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാൻ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സർക്കാറിനെയും പാർട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിർത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണ്ടേ? പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാൻ സംശയിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണിത് -അൻവർ പറഞ്ഞു.

അനധികൃത സ്വത്ത് സമ്ബാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെയും മുൻ മലപ്പുറം എസ്.പി എസ്. സുജിത് ദാസിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന്‍റെ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് അൻവർ വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. ഇരുവർക്കുമെതിരെ അന്വേഷണം വേണമെന്ന ഡി.ജി.പിയുടെ ശിപാർശ ദിവസങ്ങള്‍ക്കുശേഷം സർക്കാർ അംഗീകരിക്കുകയായിരുന്നു. അജിത് കുമാറിനെതിരെ അഞ്ചും സുജിത് ദാസിനെതിരെ മൂന്നും വിഷയങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.

അജിത്കുമാർ ക്രമാസമാധാന ചുമതലയുള്ള പദവിയില്‍ തുടരുന്നതിനിടെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ്. അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അജിത്കുമാറിനെ ചുമതലയിലിരുത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതിലെ അനൗചിത്യം ചർച്ചയായിട്ടുണ്ട്.