Breaking news
8 Oct 2024, Tue

അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തെറ്റായ വിവരാവകാശ മറുപടി നല്‍കി; പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്പെൻഷൻ

‘മറുപടിയിൽ നടപടി’

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ് പി എം എസ് സന്തോഷിനാണ് സസ്‌പെന്‍ഷന്‍. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി.

തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ത്തു എന്നാണ് ആരോപണം. പൂരം സംബന്ധിച്ച അന്വേഷണം അറിയാമായിരുന്നിട്ടും മറച്ചു വച്ചുവെന്നതാണ് സന്തോഷിനെതിരായ നടപടിക്ക് അടിസ്ഥാനം. സര്‍ക്കാരിന് ഇത് വലിയ കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നേരത്തെ ഈ വിഷയത്തില്‍ വിഎസ് സുനില്‍കുമാറും പോലീസിന് വിവരാവാകാശ ചോദ്യം നല്‍കിയിരുന്നു. 

തൃശൂരിലെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചുവെന്നതാണ് വിവരാവകാശ കമ്മീഷണര്‍ കാട്ടിയ വലിയ തെറ്റ്. തൃശൂരില്‍ നിന്നും അന്വേഷണം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടും നല്‍കി. യഥാര്‍ത്ഥത്തില്‍ തൃശൂര്‍ കമ്മീഷണര്‍ അന്വേഷണം നടത്തുന്നില്ല. പക്ഷേ തൃശൂരിലെ പല പോലീസുകാരുടേയും മൊഴി ഇതുമായി ബന്ധപ്പെട്ട് എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണമില്ലെന്ന വിവരാവകാശ മറുപടിയും സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

അപേക്ഷ ലഭിച്ച് അടുത്ത ദിവസം തന്നെ മറുപടിയും നല്‍കി. പ്രധാനപ്പെട്ട ചോദ്യമായിട്ടും മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇതേ കുറിച്ച് ചോദിച്ചില്ലെന്നും പോലീസ് മേധാവിയുടെ വിലയിരുത്തല്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ വരുന്നത്. 

തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു വിവരാവകാശ മറുപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. ഇതിലെ പിഴവിനാണ് ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ വരുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചുവിട്ടും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായിരുന്നു. 

രാത്രിപൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലര്‍ച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്ക് നേട്ടമുണ്ടാക്കാനാണെന്ന ആരോപണവും ഉയര്‍ന്നു. പിന്നാലെ സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.