5 മാസത്തിന് ശേഷമാണ് അന്വേഷണം പൂർത്തിയായത്
പൂരം കലക്കലിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ. ഇന്ന് വൈകിട്ടാണ് എഡിജിപി നേരിട്ട് റിപ്പോർട്ട് നൽകിയത്. ഇന്നുതന്നെ സമർപ്പിക്കണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. 24-ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.
സീൽഡ് കവറിലാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് എഡിജിപി കൈമാറിയത്. 5 മാസത്തിനുശേഷമാണ് അന്വേഷണം പൂർത്തിയായത്. റിപ്പോർട്ട് ഡിജിപി നാളെ പരിശോധിക്കും. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു എന്നതാണ് ഏറെ വിചിത്രമായ വസ്തുത.
മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എം.ആർ.അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. എം ആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി പൂരം കലക്കി എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ഇതിനിടയിലാണ് അജിത് കുമാർ തന്നെ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂർണ ഉത്തരവാദിത്വം കമ്മീഷണറിൽ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാർശ എഡിജിപിയുടെ റിപ്പോർട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്. പൂരം കലക്കലിൻ്റെ
യഥാർത്ഥ വസ്തുത കണ്ടെത്തുവാൻ ജുഡീഷണൽ അന്വേഷണം
നടത്തണമെന്ന് ആവശ്യമാണ് കെ.മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിശോധനകൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.