Breaking news
8 Oct 2024, Tue

എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചു;

ഇതുവരെ 210 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായി

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എഴുപത് ശതമാനത്തോളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തികരിച്ചതായി നേതാക്കള്‍ യോഗത്തെ അറിയിച്ചു. ഇതുവരെ 210 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായി. ഇനിശേഷിക്കുന്നത് 72 എണ്ണം മാത്രമാണ്. സെപ്റ്റംബര്‍ 30 നകം ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഉറപ്പുനല്‍കി. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണത്തിന്റെ സമയപരിധി വയനാട് ദുരന്തം കണക്കിലെടുത്ത് ഒക്ടോബര്‍ 15വരെ നീട്ടി. സംഘടനാപരമായ മികച്ച പുരോഗതി മിഷന്‍ 2025-വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി.

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പ്രതിഷേധ കൂട്ടായ്മയും സെപ്റ്റംബര്‍ 28ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും സെപ്റ്റംബര്‍ 24 ലെ പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടത്തുന്നത്. 28ന് തൃശ്ശൂരില്‍ മഹാപ്രതിഷേധ സമ്മേളനം നടത്തുന്നതിനലാണ് ഈ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ 24 ലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. പതിനാല് ജില്ലകളിലും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും. രാഷ്ട്രപിതാവ് മഹാത്മഗാന്ധിജി കോണ്‍ഗ്രസ് പ്രഡിഡന്റ് ആയതിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്താന്‍ കെപിസിസി യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒക്ടോബര്‍ 2ന് സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ ഗാന്ധി സ്മൃതിസംഗമം സംഘടിപ്പിക്കുമെന്നും കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്വാഗതവും കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ നന്ദിയും പറഞ്ഞു.