Breaking news
4 Oct 2024, Fri

ക്രിസ്റ്റ്യാന ബാർസോണി; ലെബനനിലെ പേജർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഹംഗേറിയൻ വനിതായോ?

ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് 12 പേരെ കൊല്ലുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പേജർ സ്ഫോടന പരമ്പരയെ ചുറ്റിപ്പറ്റി ഉയർന്നുകേൾക്കുന്നത് 49-കാരിയായ ഇറ്റാലിയൻ-ഹംഗേറിയൻ വനിതയുടേതാണ്.  ബുഡാപെസ്റ്റ് ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിങ്ങിൻ്റെ സിഇഒ ആയ ക്രിസ്റ്റ്യാന ബാർസോണി-ആർസിഡിയാക്കോനോയാണ് ഈ വനിത.

സ്ഫോടനം നടന്ന പേജറുകളുമായുള്ള അവരുടെ കമ്പനിയുടെ ബന്ധമാണ് ഇതിന് കാരണം.  തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോ, തങ്ങളുടെ പേര്  ഉപയോഗിക്കാനുള്ള അനുമതി ഹംഗറി ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയിരുന്നുവെന്നാണ് വിവരം. ബാഴ്‌സോണി-ആർസിഡിയാക്കോനോയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചുവെന്നും ഹംഗേറിയൻ രഹസ്യാന്വേഷണ വിഭാഗം  “മാധ്യമങ്ങളോട് സംസാരിക്കരുതെന്ന്” ഉപദേശിക്കുകയും ചെയ്തതായി അവരുടെ അമ്മ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് വെളിപ്പെടുത്തി. 

പേജറുകളെ സ്ഫോടനാത്മക ഉപകരണങ്ങളാക്കി മാറ്റാനുള്ള മാരകമായ ഗൂഢാലോചനയിൽ തൻ്റെ മകൾ ഭാഗമല്ലെന്നും ഉപകരണങ്ങൾ എത്തുന്ന ഒരു ഇടനിലക്കാരി മാത്രമായിരുന്നു മകളെന്നും  അമ്മ പറയുന്നു. ഹംഗറിയിൽ നിർമിച്ചതോ ബുഡാപെസ്റ്റിലൂടെ കടന്നുപോയവയോ അല്ല പൊട്ടിത്തെറിച്ച പേജറുകളെന്നും അവർ വ്യക്തമാക്കി. ഹംഗേറിയൻ ഭരണകൂടവും സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ആരാണ് ബാർസോണിആർസിഡിയാക്കോനോ?

ഇറ്റലിയിലെ സിസിലിയിൽ ജനിച്ച അവർ കാറ്റാനിയയ്ക്കടുത്തുള്ള സാന്താ വെനറിനയിലാണ് വളർന്നത്. അക്കാദമിക തലത്തിൽ മികവ് പ്രകടിപ്പിച്ചിരുന്നുവെന്ന് സഹപാഠി പറഞ്ഞു. 2000ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ‘പാർട്ടിക്കിൾ ഫിസ്കിസി’ൽ  പിഎച്ച്ഡി നേടി. ബർസോണിയുടെ പ്രബന്ധം യുസിഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പിന്നീട് ശാസ്ത്ര വഴിയിൽ നിന്ന് മാറി സഞ്ചരിക്കുകയായിരുന്നു എന്നാണ് പ്രഫസർമാരിൽ ഒരാളായ  അക്കോസ് ടോറോക്ക് പറയുന്നത്.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സ്കൂൾ ഓഫ് ഓറിയൻ്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് എന്നിവയിൽ നിന്ന് രാഷ്ട്രീയത്തിലും വികസനത്തിലും ബിരുദാനന്തര ബിരുദം നേടിയെന്നും അവരുടെ ബയോഡാറ്റയിൽ പറയുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി ഏർപ്പെട്ട എൻജിഒ പ്രോജക്റ്റുകളെ കുറിച്ചും ബയോഡാറ്റയിൽ പറയുന്നു.  മുൻ തൊഴിൽദാതാക്കളിൽ ഒരാളായ കിലിയൻ ക്ലീൻഷ്മിഡ് ടുണീഷ്യയിലെ ലിബിയക്കാരെ പരിശീലിപ്പിക്കുന്നതിനായി ആറ് മാസത്തെ പ്രോഗ്രാം നടത്തുന്നതിന് 2019 ൽ ബാർസോണിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറയുന്നു.

എന്നാൽ, ജീവനക്കാരുമായുള്ള ഭിന്നതകളെ തുടർന്ന്  കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ അവർ സേവനം അവസാനിപ്പിച്ചു. വൈവിധ്യമാർന്ന പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, ബാർസോണി ഒരു പ്രത്യേക കരിയർ പാതയും തിരഞ്ഞെടുത്തില്ല. ബുഡാപെസ്റ്റിലുള്ള അവളുടെ ഒരു പേരുവെളിപ്പെടുത്താത്ത  പരിചയക്കാരൻ പറഞ്ഞത് ഇങ്ങനെ- ‘നല്ല ഇച്ഛാശക്തിയുള്ളയാളാണ്.  ഒരു ബിസിനസിൽ മാത്രം ഒതുങ്ങുന്ന പ്രക‍ൃതമായിരുന്നില്ല.   പുതിയത് എന്തെങ്കിലും പരീക്ഷിക്കാൻ എപ്പോഴും ഉത്സാഹം കാണിക്കുന്ന വ്യക്തിയാണ്’.

നിഗൂഢ വനിത

ബാർസോണി-ആർസിഡിയാക്കോനോയുടെ വ്യക്തിജീവിതവും കൗതുകകരമാണ്. ബുഡാപെസ്റ്റിൽ സ്വന്തം നഗ്നചിത്രങ്ങളുടെ പാസ്റ്റൽ ഡ്രോയിംഗുകൾ ഉള്ള ഒരു അപ്പാർട്ട്മെൻ്റ് അവൾ സ്വന്തമാക്കി. കൂടാതെ ബുഡാപെസ്റ്റ് ആർട്ട് ക്ലബിൻ്റെ ഭാഗമായി അവൾ ചിത്രരചന പരിശീലിച്ചിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി പരിശീലനത്തിന് കാണാറില്ലെന്ന്  സംഘാടകരിലൊരാൾ പറഞ്ഞു. ‘വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ആളല്ല, എന്നാല്‍ ആവശ്യമുണ്ടെങ്കിലും നന്നായി സംസാരിക്കുകയും ചെയ്യും’- കഴിഞ്ഞ രണ്ട് വർഷമായി കെട്ടിടത്തിൽ താമസിക്കുന്ന അയൽവാസി പറയുന്നു 

പേജർ ആക്രമണത്തിന് ശേഷം, ബാർസോണി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. ബിഎസി കൺസൾട്ടിംഗ് ഒരു “വ്യാപാര-ഇടനില കമ്പനി” ആയിരുന്നുവെന്നും രാജ്യത്ത് നിർമ്മാണ യൂണിറ്റുകളൊന്നുമില്ലെന്നും പേജറുകൾ  ഒരിക്കലും ഹംഗറിയിൽ പോയിട്ടില്ലെന്നും ഹംഗേറിയൻ സർക്കാർ പറഞ്ഞു. എന്നിരുന്നാലും, വിവാദത്തിൽ ബാർസോണിയുടെ പങ്ക് വ്യക്തമല്ല. ആക്രമണത്തിന് ശേഷം അവർ പരസ്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടുമില്ല.