Breaking news
4 Oct 2024, Fri

വിശ്വസ്തരെ തള്ളിപറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ

പിവി അൻവറിനെ പൂർണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പി ശശി ചെയ്യുന്നതെല്ലാം ശരി’

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

ആദ്യ ദിവസം  വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. എഡിജിപി എംആർ അജിത് കുമാറിനെതിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പിവി അൻവർ സ്വീകരിച്ച പരസ്യ നിലപാടിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ അടക്കം അന്വേഷിക്കുമെന്നും പിണറായി തുറന്നടിച്ചു. 

പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അൻവർ പരാതി തന്നു. പരാതിക്ക് മുന്നേ പരസ്യമായി ദിവസങ്ങളോളം പറഞ്ഞു. അദ്ദേഹം ഉയർത്തിയ പരാതിയിലും ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുൻവിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയർ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥൻ സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഉന്നയിക്കപ്പെട്ട ഒരു ആരോപണം കളള ക്കടത്ത് സ്വർണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിയമവിരുദ്ധ കാര്യങ്ങൾ തടയുന്നത് ഉറപ്പാക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ പാടില്ല. അതുണ്ടായാൽ നടപടി സ്വീകരിക്കും. എന്നാൽ അതേ സമയം, പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ല. കള്ളക്കടത്ത് സ്വർണ്ണം പിടികൂടുന്നത് അത് കടത്തുന്നവർക്ക് ഇഷ്ടമാകില്ലല്ലോ. കരിപ്പൂർ വഴി വൻ സ്വർണ്ണക്കടത്ത് നടക്കുന്നു. ഇത് പിടികൂടുന്നത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

2022 98 കേസുകളിൽ 79.9 കിലോ സ്വർണ്ണം, 2023 61 കേസിൽ 48.7 കിലോ സ്വർണ്ണവും 26 കേസിൽ 18.1 കിലോ സ്വർണ്ണം വർഷവും പിടികൂടി. സ്വർണ്ണ കടത്ത് അടക്കം കുറ്റവാളികളെ മഹത്വവത്കരിക്കരുതെന്നും പിണറായി തുറന്നടിച്ചു

എഡിജിപി അജിത് കുമാറിനെ തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രം

എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും മുഖ്യമന്ത്രി തള്ളി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് തന്‍റെ ഇടനിലക്കാരനായിട്ടാണ് എന്നാണല്ലോ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തങ്ങളുടെ രാഷ്ടീയ താല്‍പര്യത്തിന് വേണ്ടി പൊലീസുകാരെ പലതരം ഇടനിലകള്‍ക്കായി ഉപയോഗിച്ചതിന്‍റെ മുന്‍കാല അനുഭവംവെച്ചാണോ അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. രാഷ്ട്രീയ ദൗത്യങ്ങൾക്കായി പൊലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പൂരം വിവാദത്തില്‍ പരിശോധന നടക്കുകയാണെന്നും. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന  പ്രശ്നത്തെ  ഗൗരവതരമായി തന്നെയാണ് കാണുന്നത്  അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണ്. അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം  കൈകൊളളും. എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത്  അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണ്.