Breaking news
8 Oct 2024, Tue

മുഖ്യമന്ത്രിയെ ഒപ്പമുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നു, ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ടാണ് അൻവർ മറുപടി പറഞ്ഞത്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ നിലപാട് കടുപ്പിച്ച് പി വി അൻവ‍ർ എംഎൽഎ. മുഖ്യമന്ത്രിയുടെ വിമർശനത്തിലും കടുത്ത ഭാഷയിലാണ് അൻവർ പ്രതികരിച്ചത്.

‘എകെജി സെന്ററിൽ നിരവധി പരാതികൾ നൽകി. ഒന്നിനും പരിഹാരം ഉണ്ടായില്ല. ഞാൻ പഴേ കോൺഗ്രസുകാരൻ തന്നെയാണ്. ഇഎംഎസ് പഴയ കെപിസിസി സെക്രട്ടറി ആയിരുന്നു. സിഎം ആ പറഞ്ഞതിൽ തെറ്റില്ല. മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നതാണ് സത്യം. എം ആർ അജിത് കുമാറിന്റെ സ്റ്റേറ്റ്മെന്റ് ആണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിച്ചതാണ്. എന്നെ ചവിട്ടി പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളി പറയില്ല. തളളി പറഞ്ഞ് ആളാകണം എന്ന് എനിക്ക് ഇല്ല പാർട്ടിയെയും തള്ളി പറയില്ല. എന്നെ വേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ ഞാൻ എന്റെ വഴി നോക്കും’, അൻവർ കൂട്ടിച്ചേർത്തു. 

https://youtu.be/IzLt6BFpQvw?si=jhjwu7e14b6u2e2g

മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അൻവ‍ർ പറ‌ഞ്ഞു. ശശിയുടെ പ്രവ‍ർത്തനം മാതൃകാപരമല്ലെന്നും സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അൻവർ മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും ആരോപിച്ചു.

തൻ്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്. ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ടാണ് അൻവർ നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ മറുപടി പറ‌ഞ്ഞത്. 

താൻ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ്. എന്നാൽ, ഇക്കൂട്ടർ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവർ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകൾക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നിൽക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എംആർ അജിത് കുമാറും മാത്രമല്ലെന്നും അൻവ‍ർ തുറന്നടിച്ചു.

മുഖ്യമന്ത്രി സൂചിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. എന്നാൽ, ഇവിടെ മനോവീര്യം തകരുന്നവർ താൻ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവർത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തിൽ കാര്യങ്ങൾ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പൊലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകർക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. 

സ്വർണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് ഉണ്ടായതാണ്. ആ കേസിൽ അന്വേഷണം നടക്കണം. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പൊലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും. 

സ്വർണ്ണം കൊണ്ടുവന്ന ആളുകൾ തെളിവുകൾ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരുന്നതിൽ അവർക്ക് ഭയമുണ്ട്. 102 സിആര്‍പിസി പ്രകാരമാണ് പൊലീസ് ഈ സ്വർണ്ണ കള്ളക്കടത്ത് കേസുകൾ മുഴുവൻ എടുത്തിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പൊലീസ് എടുക്കുന്നത്? ഇവിടെയാണ് പൊലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വർണ്ണ കള്ളക്കടത്ത് കേസുകൾ എല്ലാമൊന്നും നിലനിൽക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നു. അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ ചോദിച്ചു.