ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയില്‍ ‘അജിത് കുമാറും ഓടുന്ന കുതിരയും’ എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും എഡിജിപി രംഗത്ത് ഉള്ളപ്പോള്‍ എസ്പിക്ക് എങ്ങനെ പൂരം നിയന്ത്രിക്കാനാകുമെന്നും പംക്തിയില്‍ ചോദിക്കുന്നു. ആക്ഷേപഹാസ്യ പംക്തിയില്‍ ‘അജിത് കുമാറും ഓടുന്ന കുതിരയും’ എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പൂരം കലക്കിയത് അജിത് കുമാറാണെന്ന് പൂരത്തിന്റെ സമയത്തുള്ള വീഡിയോ ഉദ്ധരിച്ച് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തു വന്നിട്ടുണ്ട്. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിന് പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് കുമാര്‍ നടത്തുന്നത് ആ വീഡിയോയില്‍ കാണാം,’ പംക്തിയില്‍ പറയുന്നു.
പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോയെന്നും ജനയുഗം ചോദിക്കുന്നു. നാണംകെട്ട റിപ്പോര്‍ട്ട് തയാറാക്കി അജിത് കുമാര്‍ സ്വയം കുറ്റ വിമുക്തനാകുന്നു എന്നും പംക്തിയില്‍ പരിഹസിച്ചു.
ഗൂഢാലോചനയുണ്ടായിട്ടില്ല, കമ്മിഷണറെ പഴിച്ച് അജിത് കുമാറിന്റെ റിപ്പോർട്ട്
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടലുകളോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ട്. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്വം അന്നത്തെ കമ്മിഷണറുടെമാത്രം തലയിൽ കെട്ടിവെക്കുന്ന റിപ്പോർട്ടാണ് എ.ഡി.ജി.പി. നൽകിയതെന്നാണ് വിവരം. പൂരം അലങ്കോലമാക്കിയെന്ന് ആരോപണം നേരിടുന്ന എ.ഡി.ജി.പി.തന്നെ അന്വേഷിച്ച റിപ്പോർട്ട് ശനിയാഴ്ച പോലീസ് മേധാവിക്ക് സമർപ്പിച്ചു.
സംഭവംനടന്ന് അഞ്ചുമാസമായിട്ടും റിപ്പോർട്ട് നൽകാത്തത് വലിയവിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ മാസം 24-നുമുൻപ് നൽകാൻ നിർദേശിച്ചെന്ന് മുഖ്യമന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയതിനുപിന്നാലെയാണിത് ഡി.ജി.പി.ക്ക് നൽകുന്നത്.
പൂരംസമയത്ത് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകളാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. പൂരവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. പൂരവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ വൈകാനിടയായത് കമ്മിഷണറുടെ പൂരം നടത്തിപ്പിലെ പരിചയക്കുറവുകൊണ്ടാണ്.
പൂരത്തിനിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ദേവസ്വം അധികൃതരുമായി സംസാരിച്ച് പരിഹരിക്കുന്ന രീതിയാണ് സാധാരണ ഉണ്ടാകുക. എന്നാൽ, ഇക്കഴിഞ്ഞ പൂരത്തിൽ അതുണ്ടായില്ല. ജനങ്ങളെ അനുനയിപ്പിക്കുന്നതിൽ പരാജയപ്പെട്ട കമ്മിഷണർ കാര്യങ്ങൾ കൈവിട്ടിട്ടും ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചില്ല. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
അന്ന് സംഭവിച്ചത്
തൃശ്ശൂർപ്പൂരത്തിന്റെ പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന് സുരക്ഷയൊരുക്കാനെന്നപേരിൽ രാത്രി പത്തുമണിയോടെത്തന്നെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം പോലീസ് നിയന്ത്രിച്ചു. റോഡിൽ വടംകെട്ടി തടഞ്ഞതോടെ പൂരപ്രേമികൾ പ്രതിഷേധമുയർത്തി. കടുത്തനിയന്ത്രണങ്ങൾ വരുത്തിയതിനാൽ തിരുവമ്പാടി ദേവസ്വത്തിന്റെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പ് മുതലെടുപ്പ് നടത്താൻ എം.ആർ. അജിത്കുമാർ ഇടപെട്ട് പൂരം അലങ്കോലമാക്കിയതാണെന്ന വിവാദം ഉയർന്നിരുന്നു.