അർജുന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമെന്നാണ് വിശ്വാസമെന്ന് മനാഫ് പറഞ്ഞു
ഷിരൂരിലെ ദൗത്യത്തിനായി ഈശ്വർ മാൽപെ തിങ്കളാഴ്ച മടങ്ങി വരുമെന്ന് പ്രതീക്ഷയെന്ന് ലോറി ഉടമ മനാഫ് ട്വന്റിഫോറിനോട്. അർജുന്റെ അമ്മ മാൽപയെ വിളിച്ച് ദൗത്യ മേഖലയിൽ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മാൽപെ തോറ്റു പോകുന്നയാളാണെന്ന് തോന്നുന്നില്ല. അർജുന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമെന്നാണ് വിശ്വാസമെന്ന് മനാഫ് പറഞ്ഞു.
അശോക് ലെയ്‌ലൻഡ് ലോറിയുടെ ചെയ്സ് നമ്പർ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയതിനാൽ ആണ് അധികൃതർ മാൽപ്പയെ ഭീഷണിപ്പെടുത്തിയതെന്ന് മനാഫ് ആരോപിച്ചു. അധികൃതർ പറയുന്നതിലും കൂടുതൽ വാഹനങ്ങൾ അടിത്തട്ടിൽ ഉണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മനാഫ് പറയുന്നു. ജില്ലാ ഭരണകൂടവുമായി ഉള്ള ഭിന്നതയെ തുടർന്നായിരുന്നു മാൽപെ ദൗത്യം മതിയാക്കി മടങ്ങിയിരുന്നത്.
അതേസമയം ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരത്തിലേക്ക് കടക്കുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ലെന്നും തടപ്പാടി അതിർത്തിയിൽ തടയുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് തിരച്ചിലിന് സജ്ജമെന്ന് നേതാവ് റഹ്മാൻ പത്തിരിപ്പാല അറിയിച്ചു.