Breaking news
8 Oct 2024, Tue

മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം:’മലപ്പുറത്തെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ലയാക്കുന്നത് ആർക്കു വേണ്ടി?’

‘ആരെയാണ് മുഖ്യമന്ത്രി തോൽപ്പിക്കുന്നത്’; പൊലീസിൽ ആര്‍എസ്എസ് സ്ലീപ്പിങ് സെൽ

മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എഡിജിപിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നതെന്നും ‘ആരെയാണ് മുഖ്യമന്ത്രി തോൽപ്പിക്കുന്നത്’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സമസ്ത ചോദിക്കുന്നു.

മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതോടെ അന്‍വര്‍ അസ്തപ്രജ്ഞനായെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ സക്രിയമാണെന്നത് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മറന്നുപോകരുതെന്നും സമസ്ത ഓർമിപ്പിക്കുന്നു.

‘പൊലീസിൽ ആര്‍എസ്എസ് സ്ലീപ്പിങ് സെൽ’

കേരള പൊലീസില്‍ ആര്‍എസ്എസിന്റെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളും മുഖപ്രസംഗത്തിലുണ്ട്. മലപ്പുറത്തെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ലയാക്കുന്നത് ആർഎസ്എസിനുവേണ്ടിയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

‘കേരള പൊലീസില്‍ ആര്‍എസ്എസിന്റെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നത് കാലങ്ങളായുള്ള ആരോപണമാണ്. മുൻ ഡിജിപി രമണ്‍ശ്രീവാസ്തവ മുതല്‍ മലപ്പുറം മുൻ എസ്പി സുജിത് ദാസ് വരെ എത്രയോ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. മലപ്പുറത്തെ മറയാക്കിയായിരുന്നു ആര്‍എസ്എസിനുവേണ്ടി സുജിത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ ആവരുടെ വാര്‍റൂമുകള്‍ ഒരുക്കിയത്. മുസ്ലിം ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് കേസില്‍പെടുത്തുകയും, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രിമിനല്‍ ജില്ലയാക്കി മലപ്പുറത്തെ മാറ്റുക എന്നതുമായിരുന്നു ഈ സ്ലീപ്പിങ് സെല്ലിന്റെ ലക്ഷ്യം. ഒരു പെറ്റി കേസില്‍ മുസ്‌ലിം വിഭാഗത്തിലെ പത്തുപേര്‍ ഉള്‍പ്പെട്ടാല്‍ അവരെ രണ്ടുപേര്‍ വീതമാക്കി നാലോ അഞ്ചോ എഫ് ഐ ആര്‍ ഇടുന്ന പ്രാകൃതത്വം പോലും മലപ്പുറത്ത് ഈ എസ്.പിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. 2016 മുതല്‍ 2019 വരെ ജില്ലാ പൊലിസ് ക്രൈംബ്യൂറോ റെക്കോര്‍ഡ് പ്രകാരം മലപ്പുറത്ത് ശരാശരി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 12,000 ആയിരുന്നു. 2021ലാണ് സുജിത് ദാസ് എസ്.പിയായി ചുമതലയേൽക്കുന്നത്. 2022ല്‍ കേസുകളുടെ എണ്ണം 150 ശതമാനം വര്‍ധിച്ച് 26,957 ആയി. 2023 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 40428 കവിഞ്ഞു. അതായത് ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ല! സേനയുടെ താക്കേല്‍സ്ഥാനങ്ങളിലിരിക്കുന്നവര്‍ ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് അറിവില്ലായിരിക്കാം. എന്നാലും സംസ്ഥാനത്ത് മറ്റൊരു ജില്ലയിലുമില്ലാത്തവിധം മലപ്പുറത്ത് കേസുകള്‍ പെരുകിയതും മുസ്‌ലിം യുവാക്കളുള്‍പ്പെടെ കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നതും എങ്ങനെയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി ഒന്ന് അന്വേഷിക്കണം’ – മുഖപ്രസംഗത്തിൽ പറയുന്നു.

‘അൻവറിന്റെ ആരോപണങ്ങൾ അന്തരീക്ഷത്തിൽ സക്രിയം’

അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നേരാംവഴിക്കുള്ള അന്വേഷണം നടത്തുന്നതിനു പകരം ഇഷ്ടക്കാരനായ എഡിജിപിയെ ന്യായീകരിക്കാനും പൊതിഞ്ഞുകാക്കാനും കാണിക്കുന്ന അമിതാവേശം സര്‍ക്കാരിനെ മാത്രമല്ല മുന്നണി സംവിധാനത്തെക്കൂടിയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

‘അന്‍വറിന്റെ പരാതികള്‍ക്കു ചെവികൊടുക്കുന്നെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കാന്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉത്സാഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഇരയ്‌ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി മറവില്ലാതെ പറയുകയുണ്ടായി. തൊട്ടുപിന്നാലെ അന്‍വറിനെ തള്ളി സി.പി.എമ്മും പ്രസ്താവനയിറക്കി. മുഖ്യമന്ത്രിയും പാര്‍ട്ടിയും കൈവിട്ടതോടെ അന്‍വര്‍ അസ്തപ്രജ്ഞനായി. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ സക്രിയമാണെന്നത് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മറന്നുപോകരുത്. ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എ.ഡി.ജി.പിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നത്.’