Breaking news
8 Oct 2024, Tue

മുഖ്യമന്ത്രി ‘വഞ്ചകൻ, ക്യാപ്റ്റനല്ല ഹാൻറി ക്യാപ്പഡ്, സൂര്യ ശോഭ കെട്ടു.. സ്വർണ്ണക്കടത്ത് അന്വേഷിക്കാന്‍ തയ്യാറുണ്ടോ, തയ്യാറുണ്ടോ?’; മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ച് അന്‍വര്‍; മരുമകൻ റിയാസിനെ രക്ഷിക്കാൻ ശരിയേയും, അജിത് കുമാറിനെയും കൈവിടുന്നില്ല

‘പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ?’ പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവെക്കില്ല

നിലമ്പൂര്‍: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കിഎംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് ഇടത് എം.എല്‍എ. പി.വി.അന്‍വര്‍. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണം പോലീസ് മുക്കുന്നുണ്ടെന്നും അതിൽ അന്വേഷണം നടത്താൻ തയ്യാറുണ്ടോ എന്നും അൻവർ മുഖ്യമന്ത്രിയെ ആവർത്തിച്ച് വെല്ലുവിളിച്ചു. നിലമ്പൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അൻവർ നേരിട്ടുള്ള വിമർശനം ഉന്നയിച്ചത്

‘പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188 -ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188-ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്.

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അൻവറാണോ സ്വർണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. ‘നിങ്ങള്‍ പറ, നിങ്ങള്‍ പറ’ എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് എന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ല ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയത് മുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണ്. അതുകൊണ്ട് പ്രഥമദൃഷ്ട്യ ശശിയെ കുറിച്ച് അന്‍വര്‍ പറഞ്ഞതില്‍ ഒരു കഴമ്പുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെങ്കില്‍ ചവറ്റുകുട്ടയിലാണ് ഇടേണ്ടത്. പിന്നെ എന്തിനാണ് പരിശോധന നടത്തുമെന്ന് പറഞ്ഞതെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടിലൈനില്‍ നിന്ന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്. ഈ പാര്‍ട്ടിയുമായി സഹകരിക്കുന്നത് മുതല്‍ ഇതിന്റെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ ഉന്നയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. ലോക്കല്‍ സെക്രട്ടറിക്കടക്കം സാധാരണക്കാരന്റെ വിഷയത്തിന് പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാല്‍ സ്റ്റേഷനില്‍നിന്ന് രണ്ടടി കൂടി കിട്ടുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ട്. ഇതിന്റെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാന്‍ ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി നല്‍കിയതായിരിക്കും ഇതൊക്കെ, അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ.

എനിക്ക് ഇനി പ്രതീക്ഷ കോടതിയിലാണ്. അടുത്ത പടി ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വ്വമായ ഒരു കാര്യവും നടക്കുന്നില്ല. എല്ലാം അവര്‍ ഉദ്ദേശിച്ച നിലക്ക് വളച്ചുകൊണ്ടുപോകുകയാണ്.’, അന്‍വര്‍ പറഞ്ഞു.