യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മക്രോൺ
ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണയുമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമാക്കാൻ കൗൺസിലിനെ വിപുലീകരിക്കുന്നതിന് പൂർണ പിന്തുണയുണ്ടെന്ന് മാക്രോൺ വ്യാഴാഴ്ച പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മക്രോൺ. സുരക്ഷാ കൗൺസിൽ വിപുലീകരിക്കുന്നതിനെ ഫ്രാൻസ് പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജർമ്മനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ എന്നിവ സ്ഥിരം അംഗങ്ങളാകണം. ആഫ്രിക്കയെ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളും സ്ഥിരാംഗങ്ങളായി ഉണ്ടാകണം എന്നും മക്രോൺ ആവശ്യപ്പെട്ടു. എന്നാൽ ഇതുകൊണ്ട് മാത്രം കൗൺസിലിനെ ഫലപ്രദമായി നവീകകരിക്കാനാകില്ല. പകരം പ്രവർത്തന രീതികളിൽ മാറ്റം വരുത്തണം. വലിയ കുറ്റകൃത്യങ്ങളിൽ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും സമാധാനം നിലനിർത്തുന്നതിനാവശ്യമായ തീരുമാനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. അടിത്തട്ടിൽ ശക്തമായി പ്രവർത്തിക്കേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
വലിയ ആഗോള പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ ഐക്യരാഷ്ട്രസഭയുടെ പരിമിതിയിൽ നിന്നുകൊണ്ടാണ് മാക്രോണിന്റെ വാക്കുകൾ പ്രസക്തമാകുന്നത്. റഷ്യ – യുക്രൈൻ യുദ്ധം, ഇസ്രയേലിന്റെ ഗാസ ആക്രമണം എന്നിവയടക്കമുള്ള പ്രതിസന്ധികൾ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിലുണ്ട്. ഈ പ്രശ്നങ്ങൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നവീകരിക്കേണ്ടതിന്റെ ആവശ്യം ഉയർത്താൻ കാരണമായിരിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ആഗോള പ്രതിസന്ധികളിലിടപെടാനുള്ള സാധ്യതകൾ ദുർബലപ്പെടുന്നതിനോളം ഇന്ത്യയുടെ സ്ഥിരാംഗത്വ സാധ്യത വർദ്ധിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ പ്രതികരണം.