Breaking news
13 Oct 2024, Sun

‘ഭീകരവാദം ആയുധമാക്കുന്ന പാകിസ്ഥാൻ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യം’; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

കശ്മീർ പ്രശ്നത്തിലെ ഷെഹ്ബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്കെതിരാണ് ഇന്ത്യയുടെ തിരിച്ചടി

യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ നിശിതമായി വിമർശിച്ച് ഇന്ത്യ. കശ്മീർ പ്രശ്നത്തിലെ ഷെഹ്ബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്കെതിരായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാകിസ്താൻ ഇന്ത്യൻ അധീന പ്രദേശം ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഭീകരപ്രവാദത്തെ ഉപയോഗിച്ചുവെന്നും മറുപടി നൽകാനുള്ള അവകാശം വിനിയോഗിച്ചുകൊണ്ട് ഇന്ത്യ പറഞ്ഞു. 

‘ലോകത്തിന് മുഴുവൻ അറിയാവുന്നതുപോലെ, അതിർത്തി കടന്നുള്ള ഭീകരവാദം അയൽരാജ്യങ്ങൾക്കെതിരായ ആയുധമായി പാകിസ്ഥാൻ പണ്ടേ പ്രയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ പാർലമെന്റിനെ ആക്രമിച്ചു, സാമ്പത്തിക തലസ്ഥാനമായ മുംബൈയെ ആക്രമിച്ചു, തീർത്ഥാടന കേന്ദ്രങ്ങളെയും ആക്രമിച്ചു. പട്ടിക വളരെ വലുതാണ്. അത്തരമൊരു രാജ്യം എവിടെയും അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണ്’; ഇന്ത്യൻ നയതന്ത്രജ്ഞ ഭാവിക മംഗളാനന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്ന രാജ്യം ജനാധിപത്യത്തിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും അവർ പറഞ്ഞു. 

ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തെ പലസ്തീനുമായി താരതമ്യപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം യുഎൻ ജനറ അസംബ്ലിയിൽ ഷരീഫ് പ്രസംഗിച്ചത്. സ്വയം നിർണയാവകാശത്തിനും സ്വാതന്ത്ര്യത്തിനുമായി ഒരു ജനത ഒരു നൂറ്റാണ്ടായി പോരാടുകയാണെന്നാണ് കശ്മീരിനെ പലസ്തീനുമായി താരതമ്യപ്പെടുത്തി അദ്ദേഹം പറഞ്ഞത്. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുഛേദം 370 എടുത്തുകളഞ്ഞ നടപടി പിൻവലിക്കണമെന്ന് ഇന്ത്യയോട് ആഹ്വാനം ചെയ്ത പാക് പ്രധാനമന്ത്രി, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങൾക്കും അനുസൃതമായി ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഭാവികയുടെ തിരിച്ചടി. 

നയതന്ത്രപരമായ ചർച്ചകൾക്കുള്ള പാകിസ്ഥാന്റെ നി‍ർദ്ദേശം ഇന്ത്യ നിരസിച്ചുവെന്നും “ആസാദ് കശ്മീർ” എന്ന് പാകിസ്ഥാൻ വിശേഷിപ്പിക്കുന്ന നിയന്ത്രണരേഖ (എൽഒസി) കടന്ന് ഇന്ത്യൻ നേതൃത്വം ഭീഷണിപ്പെടുത്തുന്നുവെന്നും കൂടി ഷെഹ്ബാസ് ഷരീഫ് ആരോപിച്ചു. ഷെരീഫിന്റെ ആരോപണത്തെ തള്ളിയ ഇന്ത്യ, ഭീകരവാദത്തോട് ഒത്തുതീ‍ർപ്പുണ്ടാകില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരത അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്ഥാൻ മനസ്സിലാക്കണമെന്നും ഭാവിക മറുപടി നൽകി.