Breaking news
8 Oct 2024, Tue

ഫോൺ ചോർത്തൽ: അൻവറിനെതിരായ കേസിന് പിന്നിൽ ഉന്നത ഇടപെടൽ

അൻവറിന് എൽഡിഎഫുമായി ബന്ധമില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെ പരാതി കൈമാറി

പി.വി അൻവർ എംഎൽഎക്കെതിരായ ഫോൺ ചോർത്തൽ കേസിൽ ഉന്നത ഇടപെടലെന്ന് ആരോപണം. ഫോൺ ചോർത്തൽ സംബന്ധിച്ച് ഡിജിപിക്ക് സെപ്റ്റംബർ അഞ്ചിന് തന്നെ പരാതി ലഭിച്ചിരുന്നു. സമാനമായ അന്വേഷണം ഡിജിപി തലത്തിലുള്ള സമിതി നടത്തുന്നതിനാൽ പരാതി കോട്ടയം എസ്പിക്ക് കൈമാറിയില്ല. 

https://youtu.be/u4pG5ARx2Tc?si=rkEs8NDtf-RynlY9

എന്നാൽ, അൻവറിന് എൽഡിഎഫുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് പരാതി കൈമാറിയത്. ഇന്നലെ കൈമാറിയ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പരാതി കിട്ടിയത് ശനിയാഴ്ച 8.20നാണെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. 

അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് ഡിജിപി തല അന്വേഷണത്തിലെ കണ്ടെത്തൽ. ഗവർണർക്ക് നൽകാൻ സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിലും ഇക്കാര്യമാണ് പറയുന്നത്. എന്നാൽ, പാർട്ടിയുമായി അൻവർ ഇടഞ്ഞതോടെ കേസെടുക്കുയായിരുന്നുവെന്നാണ് ആരോപണം. 

കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. 

കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ട്. 

ഫോൺ ചോർത്തലിൽ പൊലീസ് കേസെടുത്തോട്ടെയെന്ന് പി.വി അൻവർ എംഎൽഎ പ്രതികരിച്ചു. കേസ് വരുമെന്ന് മുൻകൂട്ടി കണ്ടതാണ്. നിലമ്പൂരിൽ നടക്കുന്ന പൊതുയോഗത്തിൽ കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. 

മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണമടക്കം പി.വി അൻവർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

അതേസമയം, മന്ത്രിമാരുടെയടക്കം ഫോണുകൾ എഡിജിപിയുടെ നേതൃത്വത്തിൽ പൊലീസ് ചോർത്തുന്നുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.