‘ദ ഹിന്ദു’വിനു നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങൾ
മലപ്പുറത്ത് വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പിടിച്ചെടുത്ത സ്വർണം ആർക്കു വേണ്ടിയാണു കൊണ്ടുവന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരള പൊലീസിനായിട്ടുണ്ടോ എന്ന് ബൽറാം ചോദിച്ചു. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവെന്നു പറയുന്ന മുസ്‌ലിം തീവ്രവാദികൾ ആരാണെന്നും ഇവരുടെ തീവ്രവാദ പ്രവർത്തനം എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://youtu.be/JDx_yKtJ4eI?si=683OY7oSYuyF-1-4
‘ദ ഹിന്ദു’വിനു നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങൾ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചെടുത്തെന്നും ഇതു രാജ്യവിരുദ്ധ പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കുമ്പോൾ അത് മുസ്‌ലിംകൾക്കെതിരെ എന്നാക്കി മാറ്റാനുള്ള ശ്രമമുണ്ടെന്നും അഭിമുഖത്തിൽ വാദിച്ചിരുന്നു.
പിടിച്ചെടുത്ത സ്വർണം ഭൂരിഭാഗവും പൊലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂവെന്നാണ് ആക്ഷേപമുയരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം ചൂണ്ടിക്കാട്ടി. പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്റെ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പൊലീസ് പരാജയപ്പെടുന്നതുകൊണ്ടാണ് ഇതു ജനങ്ങൾ വിശ്വസിക്കുന്നത്. പിടിച്ചെന്നു പറയുന്ന ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഇത്രയധികം പിടിച്ചിട്ടും ഒരു കേസിൽ പോലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തുകൊണ്ടാണെന്നും വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പോലും ഇടയ്ക്കു വച്ച് വഴിമാറുന്നത് എന്തുകൊണ്ടാണെന്നും വി.ടി ബൽറാം ചോദിച്ചു.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ് ഹിന്ദു‘വിന് കൊടുത്ത ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹം തന്നെ കൂടുതൽ വിശദീകരിക്കേണ്ടതാണ്.
? സംസ്ഥാന ഗവണ്മെന്റ് ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കുമ്പോൾ അത് മുസ്‌ലിംകൾക്കെതിരെ എന്നാക്കി മാറ്റാനുള്ള ശ്രമമുണ്ട്.
?മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണ്? കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇങ്ങനെ എത്ര ‘Muslim extremist elements ‘നെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ട്? ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം? പേര് സഹിതം പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ?
? 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല അനധികൃത പണവുമാണ്, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചിട്ടുള്ളത്.
? ഇതിൽ ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഒന്നോ രണ്ടോ കേസിലാണെങ്കിൽ പ്രതികൾ സഹകരിച്ചില്ല എന്ന് പറയാം. പക്ഷേ ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേ?
പിടിച്ചെടുത്ത സ്വർണ്ണം ഭൂരിഭാഗവും പൊലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂ എന്നതാണല്ലോ ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. ഇത് ജനങ്ങൾ വിശ്വസിക്കുന്നത് പൊലീസ് പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്റെ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടല്ലേ?
? ഇവ കേരളത്തിൽ എത്തുന്നത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് എതിരായും അതു വഴി രാജ്യത്തിന് എതിരെയുമുള്ള പ്രവർത്തനങ്ങൾ നടത്താനുമാണ്..
?ഒരു സംശയവുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരള പൊലീസ് ഇടപെട്ട കേസുകളെ പോലും ഒരു ലോജിക്കൽ കൺക്ലൂഷനിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നത്? വിവിധ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഇടക്ക് വച്ച് ട്രാക്ക് മാറുന്നത് എന്തുകൊണ്ട്?
? കേരളത്തിൽ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ നിലപാട് സ്വീകരിച്ചതിന് ഏറ്റവും കൂടുതൽ സഖാക്കളെ നഷ്ട്ടപ്പെട്ട പാർട്ടി ആണ് സിപിഎം.
?പാവപ്പെട്ട സഖാക്കളെക്കുറിച്ചല്ല ആക്ഷേപം. അവരുടെ പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും മറവിൽ പിണറായി വിജയനും കുടുംബവും നടത്തുന്ന സംഘ്പരിവാർ പ്രീണനത്തെക്കുറിച്ചാണ് ആക്ഷേപം. രക്തസാക്ഷികളുടെ പേര് പറഞ്ഞുള്ള ഇമോഷണൽ ബ്ലാക്ക്‌മെയിലിങ് അവസാനിപ്പിച്ച് ഭരണത്തലപ്പത്തുള്ളവരുടെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള ഡയരക്ട് ചോദ്യങ്ങൾക്ക് മറുപടി പറയാമോ?
? നാളുകളായി ന്യൂനപക്ഷം യുഡിഎഫിന്റെ കൂടെയായിരുന്നു നിന്നിരുന്നത്.. പക്ഷേ, ഇപ്പോൾ അവർ എൽഡിഎഫിനെ പിന്തുണക്കുന്നുണ്ട്.. ഇത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് മനസിലാക്കി അവർക്കിടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പൊൾ ആർഎസ്എസ്സിനെതിരെ മൃദുവായ സമീപനമാണ് സിപിഎം എടുക്കുന്നത് എന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം.
?ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷത്തിന്റെയുമൊക്കെ അഭൂതപൂർവമായ പിന്തുണയോടെയാണ് 20ൽ 18 സീറ്റിലും യുഡിഎഫ് വൻ വിജയം നേടിയത്. പിണറായി വിജയനിലോ സിപിഎമ്മിലോ ഇന്ന് കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും പ്രതീക്ഷയർപ്പിക്കുന്നില്ല. സിപിഎം–ആർഎസ്എസ് അവിശുദ്ധ ബാന്ധവത്തെക്കുറിച്ചുള്ളത് കേവലം ആക്ഷേപമല്ല, വ്യക്തമായ വസ്തുതകൾ വച്ചുള്ള കേരളത്തിന്റെ ബോധ്യമാണ്.
? രാഷ്ട്രീയനേട്ടം മാത്രമാണ് അവരുടെ ലക്ഷ്യം.. അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻ വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നുണ്ട്..
? സിപിഎം–ആർഎസ്എസ് കൂട്ടുകച്ചവടവും തൃശൂർപൂരം കലക്കലുമൊക്കെ കൊണ്ട് രാഷ്ട്രീയനേട്ടം ഉണ്ടായത് ബിജെപിക്കാണ്. പിണറായി കുടുംബത്തിന് വ്യക്തിപരമായ നേട്ടവും ഉണ്ടായിട്ടുണ്ട്. നഷ്ടം മതേതര കേരളത്തിന്.