Breaking news
4 Oct 2024, Fri

ജനക്കൂട്ടത്തെ സാക്ഷിയാക്കി അൻവറിന്റെ വെല്ലുവിളി

അൻവറിനെ തളയ്ക്കാൻ സർക്കാരും സി.പി.എമ്മും

മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പാർട്ടിയും ഇടതു മുന്നണിയുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിക്കുകയും ചെയ്ത പി.വി.അൻവർ എം.എൽ.എയെ സർവാംഗം പൂട്ടാൻ സി.പി.എമ്മും സർക്കാരും നീക്കം തുടങ്ങി.

ശനിയാഴ്ച മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തകർ കൊലവിളി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിനു പിന്നാലെയാണ്, ഫോൺ ചോർത്തിയെന്നാരോപിച്ച് മൂന്നാഴ്ച മുമ്പ് ലഭിച്ച പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൂടരഞ്ഞി പഞ്ചായത്തും നടപടി തുടങ്ങി. കക്കാടം പൊയിൽ പാർക്കിലെ തടയിണ പൊളിക്കാൻ റീടെൻഡർ വിളിക്കാൻ Cpm ഭരണസമിതി തീരുമാനിച്ചു.

https://youtu.be/IfdgHbXzwrc?si=sVclP1vh-ldOpQVN

തന്റെ മണ്ഡലമായ നിലമ്പൂരിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇന്നലെ അൻവർ വീണ്ടും വെല്ലുവിളിച്ചതോടെ ,രാഷ്ട്രീയ രംഗം ഉദ്വേഗ ജനകമായി. അണികളെ ഒപ്പം കൂട്ടാൻ അൻവറും ചോർച്ച തടയാൻ സി.പി.എമ്മും നടത്തുന്ന മല്ലയുദ്ധം, പാർട്ടി സമ്മേളനങ്ങൾക്കിടെ കൂടുതൽ സംഘർഷ ഭരിതമായേക്കും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനുമെതിരെ സ്വർണക്കടത്തിലെ പങ്കാളിത്തം ഉൾപ്പെടെ ആരോപിച്ച അൻവർ,മുഖ്യമന്ത്രിക്കെതിരെ പടവാൾ ഉയർത്തിയത് രണ്ട് ദിവസം മുമ്പാണ്.പിണറായി കെട്ട സൂര്യനാണെന്നും,ആഭ്യന്തര വകുപ്പ്ഭരിക്കാൻ അർഹതയില്ലെന്നും വെടി പൊട്ടിച്ചതോടെ, ഏതു നിമിഷവും അൻവറിനെ പൊലീസ് കേസിൽ കുരുക്കാനുള്ള സാദ്ധ്യത തെളിഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടേതടക്കം ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കോട്ടയം കറുകച്ചാലിലെ ഒരു മുൻ കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ 5ന് നൽകിയ പരാതിയിൽ ശനിയാഴ്ച രാത്രി ധൃതിപിടിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

അൻവർ ആവശ്യപ്പെട്ടിട്ടാണെങ്കിലും , അദ്ദേഹത്തിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത് പാർട്ടി അണികൾ നടത്തിയ കൊലവിളിയുടെ പശ്ചാത്തലത്തിൽ കൂടിയാണ്.

അറസ്റ്റിന് സാദ്ധ്യത:

പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തിയെന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വരെ

ലഭിക്കാവുന്ന കുറ്റമാണ് അൻവറിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനാൽ അറസ്റ്റിനു സാദ്ധ്യതയുണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ അപ്പോൾ കാണാമെന്നാണ് അൻവർ ഇന്നലെ പൊതുസമ്മേളനത്തിൽ വെല്ലുവിളിച്ചത്.

പാർട്ടി സമ്മേളനങ്ങളിൽ

കനത്ത ജാഗ്രത

1. അൻവർ ഉയർത്തിയ പ്രശ്നങ്ങൾ അണികളിൽ അനുകൂല തരംഗം സൃഷ്ടിക്കുന്നതും പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയവുന്നതും തടയാൻ സി.പി.എം.നേതൃത്വം കനത്ത ജാഗ്രതയിലാണ്. മുഖ്യമന്ത്രിക്കും ശശിക്കും അജിത് കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആദ്യഘട്ടം ബ്രാഞ്ച് സമ്മേളനങ്ങളിൽ വ്യാപക ചർച്ചയാവുകയും വിശദീകരണം നൽകാൻ നേതാക്കൾ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. 

2. പാർട്ടിയുമായുള്ള ബന്ധം

മുറിച്ചതോടെ,അൻവറിനെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച് തള്ളാനും അത്തരം ചർച്ചകൾ നിരുത്സാഹപ്പെടുത്താനുമുള്ള വ്യഗ്രതയിലാണ് നേതാക്കൾ.

ഇന്നലെ അൻവർ നിലമ്പൂരിൽ നടത്തിയ വിശദീകരണ യോഗത്തിൽ പാർട്ടിയിൽ സജീവമല്ലാത്ത പ്രാദേശിക നേതാക്കളാണ് പങ്കെടുത്തതെന്ന് ആശ്വസിക്കുമ്പോഴും

അതിലെ ആൾക്കുട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല. പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട് .

കാല് വെട്ടിയാൽ- വീൽ ചെയറിൽ വരും: അൻവർ

കാലു വെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും ,അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നുംഇന്നലെ നിലമ്പൂരിലെ ആദ്യ വിശദീകരണ യോഗത്തിൽ പി.വി. അൻവർ എം.എൽ.എ.പറഞ്ഞു.
കാല് വെട്ടി ചാലിയാറിൽ ഒഴുക്കുമെന്ന ഭീഷണി കൊണ്ടൊന്നും ഞാൻ ഭയക്കുമെന്ന് കരുതേണ്ട, എന്നെ വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ അത്ചെ യ്യ്. അല്ലെങ്കിൽ ജയിലിലിൽ അടയ്ക്കണം… ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്. കേസെടുത്ത വാർത്ത വന്നപ്പോൾ ഞാൻ കൂടെ നിൽക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലിൽ കിട്ടില്ല. ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നിൽക്കുകയാണ്- അൻവർ പറഞ്ഞു.