Breaking news
7 Oct 2024, Mon

‘ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ല’; ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കത്തിലൂടെ അറിയിച്ചത്

അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കത്തിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കത്തിലൂടെ അറിയിച്ചത്. 

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. പരാമര്‍ശങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. 

‘ഇടതുപക്ഷം പ്രത്യേകിച്ചും സിപിഐഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. സഖാക്കളില്‍ പലര്‍ക്കും അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആര്‍ക്കും ഈ കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നാം മനസ്സിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അത് മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍,

ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളായി അഭിമുഖത്തില്‍ പറയുന്നത്.