പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പിവി അൻവർ
സ്വർണ്ണക്കടത്തിൻറെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയിൽ അൻവർ ഉന്നയിക്കുന്നത്. എല്ലാം മുഖ്യമന്ത്രി പറയുമെന്നായിരുന്നു ശശിയുടെ മറുപടി
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ പോരിൽ ആയുധങ്ങളെല്ലാം എടുത്ത് വീശുന്നു അൻവർ.
ഫേസ് ബുക്കിലൂടെ പരസ്യമാക്കിയ പരാതിയിൽ ശശിക്കെതിരെ ഉള്ളത് ഗുരുതര ആക്ഷേപങ്ങളാണ്. സ്വർണ്ണക്കടത്തിന്‍റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ശശി ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാർ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗാര ഭാവത്തിൽ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി. പാർട്ടിക്കാരെ സർക്കാറിൽ നിന്നും അകറ്റിനിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് എംവി ഗോവിന്ദന് നൽകിയ പരാതിയിലെ ആവശ്യം.
https://youtu.be/Mwpte6Ptycs?si=329ZeZ3XdzL0S3jT
ഗുരുതര സ്വഭാവമുള്ള പരാതി കിട്ടിയിട്ടും ഒരന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രിയും പിന്നാലെ പാർട്ടിയും ശശിക്ക് പൂർണ്ണ പിന്തുണ നൽകിയത്. ഭരണപക്ഷ എംഎൽഎയുടെ പരാതിയിൽ എന്ത് കൊണ്ട് അന്വേഷണം നടത്താതെ ക്ലീൻ ചിറ്റ് എന്ന ചോദ്യം മുഖ്യമന്ത്രിയെയും പാർട്ടിയെയും തുടർന്നും പ്രതിരോധത്തിലാക്കും.
https://youtu.be/ho4X6sPwQeU?si=wd4UEr5FwZWK-xv8