‘വെളുക്കാൻ തേച്ചത് പാണ്ടായി’
മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു. അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു.
അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.
മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആര്‍ ഏജന്‍സിയാണെന്നും സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു. അഭിമുഖം അരമണിക്കൂര്‍ നീണ്ടു. മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതില്‍ ഖേദിക്കുന്നു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശം തൊട്ടുമുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് പി ആര്‍ ഏജന്‍സി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.
https://youtu.be/Mwpte6Ptycs?si=VVcXFYrzWAilboFb
ഹിന്ദുവിന്റെ വിശദീകരണം ഇങ്ങനെ; ‘മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പി ആര്‍ ഏജന്‍സിയായ കൈസന്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പി ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം നീണ്ട അഭിമുഖമാണ് നടത്തിയത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തിനെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും പറഞ്ഞത് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സിയുടെ ഒരു പ്രതിനിധി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തള്ളിയ, മുഖ്യമന്ത്രിയുടെ പ്രതികരണം ഏജന്‍സിയുടെ പ്രതിനിധി എഴുതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയായി ആ വരികള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധര്‍മ്മത്തില്‍ വന്ന വീഴ്ചയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന്. ആ തെറ്റില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.’
തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് പറഞ്ഞാണ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി ഹിന്ദുവിന് കത്തയച്ചത്. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കത്തിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കത്തിലൂടെ അറിയിച്ചത്. അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. പരാമര്‍ശങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
‘ഇടതുപക്ഷം പ്രത്യേകിച്ചും സിപിഐഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. സഖാക്കളില്‍ പലര്‍ക്കും അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആര്‍ക്കും ഈ കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ നാം മനസ്സിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ അത് മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, ഞങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഈ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്.
വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ‘രാജ്യവിരുദ്ധ’ത്തിനും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നു. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളായി അഭിമുഖത്തില്‍ പറയുന്നത്.